F വ്യവസായ വകുപ്പിന്‍റെ നിക്ഷേപ സൗഹൃദ നടപടി; വായ്പയെടുക്കാന്‍ അനുമതി നല്‍കി കേന്ദ്രം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, January 14, 2021

വ്യവസായ വകുപ്പിന്‍റെ നിക്ഷേപ സൗഹൃദ നടപടി; വായ്പയെടുക്കാന്‍ അനുമതി നല്‍കി കേന്ദ്രം

കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി അധിക വായ്പയെടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയെന്ന് മന്ത്രി ഇപി ജയരാജന്‍. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ:
കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമാണ് 2,373 കോടി രൂപയോളം അധിക വായ്പയെടുക്കാനുള്ള കേന്ദ്ര അനുമതി. ഈ നേട്ടം കേരളത്തിന് സ്വന്തമാക്കാനായത് വ്യവസായ വകുപ്പ് സ്വീകരിച്ച നിക്ഷേപ സൗഹൃദ നടപടികളിലൂടെയാണ്. നിക്ഷേപകരുടെ ഇഷ്ടനാടായി കേരളത്തെ മാറ്റുന്ന നിരവധി പരിഷ്‌ക്കാര നടപടികളാണ് സംസ്ഥാനം ഇതുവരെ നടപ്പാക്കിയത്.
നിക്ഷേപങ്ങള്‍ക്ക് ലൈസന്‍സും അനുമതിയും വേഗത്തില്‍ ലഭ്യമാക്കാന്‍ ആംരഭിച്ച ഏകജാലക സംവിധാനം കെ.സ്വിഫ്റ്റ് വന്‍ വിജയമായി. 18 ഓളം വകുപ്പുകളുടെ സേവനം ഓണ്‍ലൈനാക്കി. ഫീസുകള്‍ ഓണ്‍ലൈനായി അടയ്ക്കാം. അപേക്ഷയുടെ സ്ഥിതിവിവരം ഓരോ ഘട്ടത്തിലും നിക്ഷേപകര്‍ക്ക് ലഭ്യമാകും. വ്യവസായ ലൈസന്‍സുകളുടെ കാലാവധി ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ എന്നത് 5 വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു.
വ്യവസായങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിന് ഓട്ടോമാറ്റിക് ഓണ്‍ലൈന്‍ സംവിധാനം സംസ്ഥാനം നടപ്പാക്കി. ബിസിനസ് സ്ഥാപനങ്ങളുടെ പരിശോധനയ്ക്കും ഏകീകൃത കമ്പ്യൂട്ടര്‍ കേന്ദ്രീകൃത സംവിധാനം നടപ്പാക്കി. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഒറ്റ പരിശോധന എന്ന സംവിധാനം സംരംഭകര്‍ക്ക് സഹായകമായി. ഇതും കെ സ്വിഫ്റ്റ് വഴിയാണ് നടപ്പാക്കുന്നത്.
സൂക്ഷ്മ -ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാനം എളുപ്പമാക്കി. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി മുന്‍കൂര്‍ അനുമതിയില്ലാതെ എം എസ് എം ഇ വ്യവസായം തുടങ്ങാം. 30 ദിവസത്തിനകം അപേക്ഷകളില്‍ തീരുമാനം. ഇല്ലെങ്കില്‍ കല്‍പ്പിത അനുമതിയായി കണക്കാക്കാം.
100 കോടി വരെ മുതല്‍മുടക്കുള്ള എംഎസ്എംഇ ഇതര വ്യവസായ സംരംഭങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാന്‍ നിയമഭേദഗതി വരുത്തി. എം എസ്എം ഇ ഇതര വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിക്കാനും നടപടി വേഗത്തിലാക്കാനും നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ എന്ന പേരില്‍ ഒരു സമിതിയും രൂപീകരിച്ചു.
സംരംഭ അനുമതിക്കുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ട അഞ്ചംഗ സമിതിയെ സഹായിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെല്‍ രൂപീകരിച്ചു. സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ടോള്‍ ഫ്രീ നമ്പറും പ്രവര്‍ത്തിക്കുന്നുണ്ട്.
കൊവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ എംഎസ്എംഇകള്‍ക്ക് ആശ്വാസമായി വ്യവസായ ഭദ്രതാ പാക്കേജ് പ്രഖ്യാപിച്ചു. സംരംഭകര്‍ ജില്ലാ വ്യവസായ കേന്ദ്രം മുഖേന എടുത്ത വായ്പയുടെ മാര്‍ജിന്‍ മണി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി. 14 വ്യവസായ പാര്‍ക്കുകളാണ് വിവിധ മേഖലകളെ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് ആരംഭിക്കുന്നത്.
ഇവ കൂടുതല്‍ നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് എത്തിക്കുന്നതിന് സഹായകമാകും. അടിസ്ഥാന സൗകര്യവികസനത്തിലും മറ്റും സംസ്ഥാന ഉണ്ടാക്കിയ മികച്ച മുന്നേറ്റം സംരംഭകരെ ആകര്‍ഷിക്കും. ഇങ്ങനെ കേന്ദ്ര ധനവിനിയോഗ വകുപ്പ് നിര്‍ദേശിച്ച നിക്ഷേപ സൗഹൃദ പരിഷ്‌ക്കാരങ്ങള്‍ സംസ്ഥാനം സമയബന്ധിതമായും വിജയകരമായും നടപ്പാക്കിയിരിക്കുകയാണ് .
കേന്ദ്ര നിര്‍ദേശപ്രകാരമുള്ള പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ് കേരളം. ഇതോടെയാണ് പൊതുവിപണിയില്‍ നിന്ന് അധിക വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് അനുമതി ലഭിച്ചത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ( ജിഎസ്ഡിപി) 0.25 ശതമാനമാണ് അധികമായി വായ്പയെടുക്കാന്‍ സാധിക്കുക.
രാജ്യത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷം വ്യക്തമാക്കുന്ന പ്രധാനസൂചകമാണ് നിക്ഷേപ സൗഹൃദ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കല്‍. നിക്ഷേപ സൗഹൃദ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാകും. നിക്ഷേപ സൗഹൃദാന്തരീക്ഷ റാങ്കിങ്ങില്‍ വലിയമുന്നേറ്റവും ഇതുവഴി ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്


No comments:

Post a Comment

Post Top Ad