F ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലൂടെ മുഖം മിനുക്കി താണ- ധര്‍മ്മടം ദേശീയപാത - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, January 9, 2021

ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലൂടെ മുഖം മിനുക്കി താണ- ധര്‍മ്മടം ദേശീയപാതകണ്ണൂര്‍ : ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലൂടെ മുഖം മിനുക്കി താണ- ധര്‍മ്മടം ദേശീയപാത. കോള്‍ഡ് മില്ലിങ് ആന്‍ഡ് റീസൈക്ലിംഗ് സാങ്കേതിക വിദ്യ വഴി നവീകരിക്കുന്ന ദേശീയപാത ജനുവരി 13 ഓടെ പൂര്‍ണമായും ഗതാഗതത്തിന് തുറന്ന് കൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

താണ- താഴെചൊവ്വ റീച്ചിന്റെയും എടക്കാട് പമ്ബ് -ധര്‍മ്മടം പാലം റീച്ചിന്റെയും ആദ്യഘട്ട പ്രവൃത്തികള്‍ ഇതിനോടകം പൂര്‍ത്തിയായി. ഉപരിതലത്തിലെ മിനുക്ക് പണികളാണ് ശേഷിക്കുന്നത്.


താണ- ധര്‍മ്മടം ദേശീയപാത റോഡ് പ്രവൃത്തിയുടെ 80 ശതമാനം ഇതിനോടകം പൂര്‍ത്തിയായതായി പിഡബ്ല്യുഡി ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി പ്രശാന്ത് പറഞ്ഞു.ജനുവരി അഞ്ചോടെ കോള്‍ഡ് മില്ലിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നു. കാള്‍ടെക്‌സ് മുതല്‍ താഴെചൊവ്വ വരെയുള്ള ആദ്യ റീച്ചിന്റെ ഫൈനല്‍ ലെയറിംഗ് പ്രവൃത്തി അവസാന ഘട്ടത്തിലാണ്. വളരെ വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഗതാഗത്തിന് തുറന്നുകൊടുത്ത ഭാഗത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സൂചന ബോര്‍ഡുകള്‍, സ്റ്റഡ്, തുടങ്ങി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെ ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന വാഹനങ്ങള്‍ നിലവില്‍ ദേശീയപാത വഴിയാണ് പോകുന്നത്.

27.91 കോടി രൂപ ചെലവില്‍ ദേശീയ പാതയില്‍ താണ മുതല്‍ ധര്‍മടം പാലം വരെയുള്ള 17 കി മീ ഭാഗം ബലപ്പെടുത്തുന്ന പ്രവൃത്തിക്ക് ഡിസംബര്‍ 18 നാണ് തുടക്കമായത്.

താണ മുതല്‍ താഴെചൊവ്വ ഗേറ്റ് വരെ 3.56 കി മീറ്ററും എടക്കാട് പമ്ബ് മുതല്‍ ധര്‍മ്മടം പാലംവരെ 6.44 കി മീറ്ററും ഭാഗമാണ് കോള്‍ഡ് മില്ലിങ് ആന്‍ഡ് റീസൈക്ലിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ബലപ്പെടുത്തിയത്.

അഞ്ച് വര്‍ഷം വരെ ഈടുനില്‍ക്കുന്നതും കൂടുതല്‍ ഗുണനിലവാരം പുലര്‍ത്തുന്നതുമാണ് കോള്‍ഡ് മില്ലിങ് വഴി പൂര്‍ത്തീകരിക്കുന്ന റോഡുകള്‍. ഉപരിതലം മിനുസമേറിയതായിരിക്കും എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത.

നിലവിലുളള ടാറിംഗ് മെഷിന്‍ ഉപയോഗിച്ച്‌ 7.5 സെ മി ആഴത്തില്‍ കിളച്ചെടുത്ത് ആവശ്യമായ അളവില്‍ മെറ്റല്‍, സിമന്റ്, ഫോം ബിറ്റുമെന്‍ എന്നിവ ചേര്‍ത്ത് റീസൈക്ലിങ് നടത്തി അപ്പോള്‍തന്നെ നിരത്തി ഉറപ്പിക്കുന്നതാണ് രീതി. 85 ശതമാനം മെറ്റീരിയല്‍സും പുനരുപയോഗത്തിന് വിധേയമാക്കുന്നു. 15 ശതമാനം മെറ്റീരിയല്‍സ് മാത്രമാണ് പുറമെ നിന്ന് ഉപയോഗിക്കുന്നത്.

പരിസ്ഥിതി ആഘാതം വലിയ അളവില്‍ കുറക്കാനാകുമെന്നതാണ് പ്രധാന നേട്ടം. മെറ്റല്‍ ചൂടാക്കുന്നതിന്റെ ആവശ്യമില്ല എന്നതിനാല്‍ ഊര്‍ജ സംരക്ഷണം ഉറപ്പുവരുത്തുന്നു.

മെക്കാഡം ടാറിംഗിന് ഉപയോഗിക്കുന്നതിനേക്കാള്‍ 30 ശതമാനം ബിറ്റുമിന്‍ ഈ സാങ്കേതിക വിദ്യ വഴി ലാഭിക്കാനാകും. ഇതിലൂടെ 30 ശതമാനത്തോളം ചെലവ് കുറയ്ക്കാനും സാധിക്കുന്നു.

സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായി ബിറ്റുമെന്‍ പത രൂപത്തിലാക്കിയാണ് മെറ്റലുമായി ചേര്‍ക്കുന്നത്. ഇതിനായി 180 ഡിഗ്രി ചൂടിലുള്ള ബിറ്റുമെനിലേക്ക് കുറഞ്ഞ അളവില്‍ തണുത്ത വെള്ളം സ്‌പ്രേ ചെയ്ത് വായുവിന്റെ സാന്നിധ്യത്തില്‍ പത രൂപത്തിലാക്കുന്നു. ഇത് മെഷീന്റെ അകത്തുവെച്ച്‌ തന്നെ നടക്കുന്നതിനാല്‍ ബിറ്റുമിനിന്റെ കാര്യക്ഷമത പതിന്‍മടങ്ങ് വര്‍ധിക്കും.

കൂടാതെ മെറ്റലിന്റെ എല്ലാഭാഗത്തും ഒരേ അളവില്‍ ബിറ്റുമെന്‍ എത്തുന്നതിനും ഇത് വഴിവെക്കും. എല്ലാ പ്രവൃത്തിയും ചെയ്യുന്നത് നൂതനസാങ്കേതിക വിദ്യയും മെഷീനറിയും ഉപയോഗിച്ചാണ് എന്നതിനാല്‍ തന്നെ മികച്ച ഗുണനിലവാരം ഉറപ്പാക്കാനും പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാനും സാധിക്കുന്നു.

സംസ്ഥാനത്ത് കോള്‍ഡ് മില്ലിംഗ് റീ സൈക്ലിംഗ് ഉപയോഗപ്പെടുത്തിയ രണ്ടാമത്തെ ജില്ലയാണ് കണ്ണൂര്‍. നേരത്തെ പരീക്ഷണ അടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ 12 കി മീ ദേശീയ പാത ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പൂര്‍ത്തിയാക്കിയിരുന്നു. മറ്റ് ജില്ലകളിലേക്കും പ്രവൃത്തി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുമരാമത്ത് വകുപ്പ്.

No comments:

Post a Comment

Post Top Ad