F സംസ്ഥാനത്തെ രണ്ടാമത്തെ ഗാന്ധി മ്യൂസിയം പയ്യന്നൂരിൽ ഒരുങ്ങി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, January 6, 2021

സംസ്ഥാനത്തെ രണ്ടാമത്തെ ഗാന്ധി മ്യൂസിയം പയ്യന്നൂരിൽ ഒരുങ്ങി


                    

പയ്യന്നൂർ: ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരുക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ഗാന്ധി മ്യൂസിയം ഈമാസം പയ്യന്നൂരിൽ തുറക്കും. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത പയ്യന്നൂർ പഴയ പോലീസ് സ്റ്റേഷനിലാണ് മ്യൂസിയം ഒരുങ്ങുന്നത്. വൈക്കത്ത് വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം കഴിഞ്ഞവർഷം തുറന്നിരുന്നു. 1910-ൽ നിർമിച്ച പോലീസ് സ്റ്റേഷൻ കെട്ടിടത്തിലാണ് ഗാന്ധി സ്മൃതി മ്യൂസിയം പൂർത്തിയാകുന്നത്. മ്യൂസിയത്തിൽ ഒരുക്കാനുള്ള പ്രൊജക്ടറുകൾ ഉൾപ്പെടെയുള്ള സ്റ്റുഡിയോ വർക്കുകൾ പൂർത്തിയായിക്കഴിഞ്ഞു.

ഗാന്ധിജി പയ്യന്നൂരിലെത്തിയ കാലഘട്ടത്തിലെയും സ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രരേഖകൾ കൂട്ടിയിണക്കിയാണ് മ്യൂസിയം ഒരുക്കുന്നത്. പുരാവസ്തു- പുരാരേഖ വകുപ്പിന് കീഴിൽ പയ്യന്നൂർ പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. കെട്ടിടത്തിന്റെ സംരക്ഷണത്തിനായി 1.25 കോടി രൂപ സർക്കാർ ചെലവഴിക്കുകയും ചെയ്തിരുന്നു.

മ്യൂസിയത്തിന്റെ നിർമാണത്തിനായി 2.44 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഈവർഷം ഒക്ടോബറോടെ മ്യൂസിയത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഗാന്ധിജിയുടെ ജീവിത സന്ദേശങ്ങൾ, ഉപ്പുസത്യാഗ്രഹത്തിന്റെ വിവരങ്ങൾ, പയ്യന്നൂർ സന്ദർശനം, ഗാന്ധിജിയെപ്പറ്റിയുള്ള മഹാന്മാരുടെ വാക്കുകൾ, പയ്യന്നൂർ കോൺഗ്രസ് സമ്മേളനം, അയിത്തോച്ചാടാന സമരം, പയ്യന്നൂരിന്റെ സ്വാതന്ത്ര്യ സമര ചരിത്രം തുടങ്ങിയവയെല്ലാം മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.

പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയിൽ ഗാന്ധി സൈറ്റ് മ്യൂസിയവും ഒരുക്കും. പയ്യന്നൂരിലെത്തിയ ഗാന്ധിജി സന്ദർശിച്ച ശ്രീനാരായണ വിദ്യാലയം, ഖാദി കേന്ദ്രം, ഉളിയത്ത് കടവ്, അന്നൂർ കസ്തൂർബ മന്ദിരം തുടങ്ങിയവ ഉൾപ്പെടുത്തിയായിരിക്കും ഗാന്ധി സൈറ്റ് മ്യൂസിയം. പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലോക്കൽ ട്രിപ്പ് എന്ന രീതിയിലായിരിക്കും സൈറ്റ് മ്യൂസിയം. സൈക്കിളുകളിലോ മറ്റു വാഹനങ്ങളിലായോ ഇവിടെയെത്തുന്നവർക്ക് വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിയും. ഗൈഡുകളുടെ സഹായവും ഇവിടെയെത്തുന്നവർക്ക് നൽകാൻ രണ്ടാംഘട്ടത്തിൽ വിഭാവനംചെയ്യുന്നുണ്ട്.

ഗാന്ധി സൈറ്റ് മിഷനിൽ ഇതുമായി ബന്ധപ്പെട്ട് സഹകരണത്തിന് സംസ്ഥാന സർക്കാർ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. ജനുവരി 16-ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം ഉദ്ഘാടനം.


No comments:

Post a Comment

Post Top Ad